Sunday, June 28, 2009

അപ്പുറം








ഇപ്പുറമിരിക്കുമ്പോള്‍

കൌതുകമടങ്ങില്ല.

മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !

കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.

അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...

Tuesday, June 16, 2009

നിന്നിലെ ഞാന്‍.

ഒന്നു സൂക്ഷിച്ചു നോക്കി
ചരിഞ്ഞും കിടന്നും..

ഇല്ല..
പരിചയമൊന്നുമില്ല !

എന്നിലെ ഞാന്‍
ഞാനായ് മറഞ്ഞിരുന്നു...

Monday, May 25, 2009

കൂട്ട്

തോറ്റ തോല്‍വി
തിരിഞ്ഞു നടന്നു,
കാരണമൊന്നും
കൂട്ടിനു കിട്ടാതെ..!

Thursday, October 16, 2008

പരിണാമം









വിശ്വാസം ഒരുനാള്‍
മതത്തിനേയും പേറി
ഒരു യാത്ര പോയി..

പലനാള്‍ കഴിഞ്ഞ് മതം,
വിശ്വാസവും ചുമന്ന്
തിരിച്ചു വരുന്നതു കണ്ടു !


Monday, September 15, 2008

കുടി തേടുന്നവര്‍.









മരക്കൊമ്പില്‍ കുരുക്കിട്ട്
മരണം കാത്ത് ഗതികെട്ടിങ്ങനെ,
ഇവിടെവരെ എത്തീ ഞങ്ങള്‍ !

കുടിയിറക്കപ്പെട്ട കാടിന്റെ മക്കള്‍
കശക്കിയെറിഞ്ഞ സത്വവും പേറി.

മുനയൊടിഞ്ഞ അമ്പും
ഒച്ചയില്ലാത്ത വാക്കും
കുരുക്കിട്ട കയറും
സ്വന്തമായുള്ളവര്‍

ഇനിയൊരു വെടിയൊച്ച
കേള്‍ക്കും മുന്നേ,
ഗതികേടിന്‍ കുരുക്കില്‍
...ഗതികെട്ടിങ്ങനെ..

Sunday, September 14, 2008

നിഴല്‍

ഒരിക്കല്‍ വെളിച്ചം
നിഴലിനോടായി,
എന്തേ പിന്‍തുടരുന്നു ?

അതെ,
നീയാണെനിക്കു നിഴല്‍.

Wednesday, September 10, 2008

നോക്കുകുത്തി നോക്കുമ്പോള്‍












പാടമെല്ലാം
പൊന്‍കതിരണിഞ്ഞു
പുതിയൊരു
പൊന്നോണം വരുന്നുണ്ടേ..

കാവലായ് ഞാനെന്നും
കാലമായ് കാക്കുന്നു
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..

പൊട്ടിയ മുഖമുണ്ടേ
കീറിയ വയറുണ്ടേ
നിറവുള്ള മനമുണ്ടേ
ഒരു കാലില്‍ നില്പ്പുണ്ടേ..

പൊന്‍വെയിലു പെയ്യുന്നു
കാര്‍മേഘം പൊടിയുന്നു
മനമാകെ കുളിരുന്നു
പൊന്നോണം വരുന്നുണ്ടേ..

പൂവൊക്കെ കണ്ചിമ്മി
പൂത്തുമ്പി കളിയാടി
മാടത്ത പറന്നെത്തി
പൊന്നോണം വന്നെത്തി

പൂവേ..പൊലി പാടി
പൂക്കളം കൂട്ടാനായ്
കൂട്ടുകാര്‍ കൂട്ടായി
ആര്‍ത്താടി വരുന്നുണ്ടേ..

കൂടാനായ് ആശയുണ്ടേ
കൂട്ടാക്കാനാരുമില്ലേ?
കളിയാക്കല്‍ മതിയാക്കി
കൂട്ടാനായ് വന്നുകൂടെ?

നിധികാക്കും ഭൂതമായി
വിധിപോലെയെന്നെന്നും
പാവമീ നോക്കുകുത്തി
പാടവക്കില്‍ നില്പ്പുണ്ടേ..

Wednesday, August 27, 2008

കൂട്ടലിലെ കിഴിക്കല്‍.












ഒന്നുമൊന്നും കൂടി
രണ്ടായി മാറുന്ന
ഗണിതത്തെ നോക്കി
ഒന്നിരുന്നു.

രണ്ടിന്റെ അകപ്പൊരുള്‍
കണ്ടെത്താനൊരു ഗണിതം
ഗണിക്കാനാവാതെ..

ഇന്നും അങ്ങിനെ
ഒന്നും രണ്ടും
രണ്ടായി തന്നെ
രണ്ടു മൂലയിലിരിക്കുന്നു !

Thursday, July 24, 2008

പൂവും പുമ്പാറ്റേം ശാരുവും










പൂവുകള്‍ തോറും
പാറി നടക്കും
പുത്തന്‍ പൂമ്പാറ്റേ

വര്‍ണ്ണപ്പൊട്ടുകള്‍
എങ്ങിനെ കിട്ടി
നിന്‍ ചിറകില്‍ ?

മറുപൂവില്‍ പോയ്
പറന്നിരുന്നു
പുത്തന്‍ പൂമ്പാറ്റ


ഗര്‍വ്വോടിങ്ങനെ
മൊഴിഞ്ഞു വീണ്ടും
തേനൂറ്റിക്കൊണ്ട്..


'പാരിലെ സുന്ദര
സൃഷ്ടികള്‍ ഞങ്ങള്‍,
അസൂയ വേണ്ടാ ലവലേശം'

ഇതുകേട്ടിട്ട്

ചൊടിച്ചു ചൊല്ലി
തേനൂറും പൂവ്

'കൊതിയേറും മധു,
പിന്നെ വര്‍ണ്ണപ്പൊട്ടുകളും
പറന്നു വന്നു, കള്ളനായി
കവര്‍ന്നെടുത്തു നീ'

കുണുങ്ങിയാടി..

പറന്നടുത്തു
പൂവും പുമ്പാറ്റേം

അടിപിടിയായി
കടിപിടിയായി
അയ്യോ, അയ്യയ്യോ!



Tuesday, June 24, 2008

ഉപേക്ഷിക്കപ്പെട്ടവ










ഇനി
തൊടിയിലെ കുപ്പയിലുറക്കം.
പൊടികേറി
മങ്ങിയലിഞ്ഞലിഞ്ഞ്..

ഓര്‍മ്മയില്‍
സുഗന്ധം പരത്തിയ
നാള്‍വഴികള്‍,
ആരാലും ഓര്‍മ്മിക്കപ്പെടാതെ..

ഇനിയുറങ്ങാം,
മങ്ങിയലിഞ്ഞലിഞ്ഞ്...